കൂരോപ്പട: പഞ്ചായത്ത് മിനി സ്റ്റേഡിയം വികസിപ്പിച്ച് സംരക്ഷിക്കാൻ ഫണ്ട് അനുവദിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. 50 ലക്ഷം രൂപയാണ് അനുവദിച്ചത്. കൂരോപ്പടയിലെ തീപ്പെട്ടിക്കന്പനിക്കു സമീപം 1991ൽ സ്ഥാപിതമായ മിനി സ്റ്റേഡിയം ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്. ഇതുമൂലം ഇവിടെ കായിക മത്സരങ്ങൾ നടത്താൻ കഴിയുന്നില്ല. കാടുപിടിച്ചതോടെ പലരും മാലിന്യങ്ങൾ തള്ളുന്നതും ഇവിടെയാണ്. കൂടാതെ, പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കുവേണ്ട പൈപ്പുകൾ സൂക്ഷിച്ചിരിക്കുന്നതും സ്റ്റേഡിയത്തിലാണ്.
പുതുപ്പള്ളി മണ്ഡലത്തിലെ കായികരംഗത്തിനു മുൻഗണന നൽകാനുള്ള ചാണ്ടി ഉമ്മന്റെ തീരുമാനമാണ് സ്റ്റേഡിയത്തിനു ശാപമോക്ഷം കിട്ടിയത്. വാഗ്ദാനത്തുകയിൽ 25 ലക്ഷം രൂപ ഈ വർഷവും ബാക്കി അടുത്തവർഷവും നൽകും. സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും എംഎൽഎ യെ ധരിപ്പിച്ചിരുന്നു.
ഇതേത്തുടർന്നാണ് ചാണ്ടി ഉമ്മൻ ഫണ്ട് അനുവദിച്ചത്.
സ്റ്റേഡിയം നവീകരണത്തിനു ഫണ്ട് അനുവദിച്ചത് കൂരോപ്പടയുടെ കായിക മേഖലയുടെ ഉണർവിന് ഇടയാക്കുന്നതാണെന്ന് ജനശ്രീ മിഷൻ പുതുപ്പള്ളി ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട പറഞ്ഞു. ചാണ്ടി ഉമ്മനെ യോഗം അഭിനന്ദിച്ചു.